ശ്രീശങ്കരനാരായണ ക്ഷേത്രം ഇടവൂർ
ചരിത്രം
ഇന്നലെ
സമുദായത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി ഒരു പൊതുസ്ഥാപനം ഉണ്ടാകണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടി ചേരാനല്ലൂർ പകുതി ഇടവൂർ കരയിൽ കളപ്പുരയ്ക്കൽ കൊച്ചിറ്റി ഗോവിന്ദൻ അവർകളുടെ വസതിയിൽ വച്ച് ആയിരത്തി എൺപതാമാണ്ട് മാണ്ട് മീനമാസം പത്തൊൻപതാം തീയതി താന്നിപ്പുഴ തോപ്പിൽ ഉന്റാമൻ ഉന്റ്യ അവർകളുടെ അദ്ധ്യക്ഷതയിൽ കുന്നത്തുനാട്, ആലുവ, മുകുന്ദപുരം താലൂക്കുകളിലെ ചേരാനല്ലൂർ, ഇടവൂർ, പെരുമറ്റം, ഒക്കൽ, നീലീശ്വരം, മലയാറ്റൂർ, കാലടി, മാണിക്യമംഗലം, കാഞ്ഞൂർ, കോടനാട് എന്നീ പ്രദേശങ്ങളിൽ അധിവസിച്ചിരുന്ന ഈഴവ സമുദായാംഗങ്ങളുടെ ഒരു യോഗം കൂടി. യോഗത്തിൽ സമുദായ സ്നേഹികളായ പല മാന്യന്മാരും ഹാജരുണ്ടായിരുന്നു. യോഗത്തിന്റെ തീരുമാനമനുസരിച്ച് "ഈഴവ സമാജത്തിന്റെ പരിഷ്ക്കരണ സഭ" എന്ന പേരിൽ ഒരു സഭ തുടങ്ങുന്നതിന് നിശ്ചയിച്ചു. സഭയുടെ പേരിൽ ഒരു പൊതുസ്ഥലം ഉണ്ടാകുന്നതിന് വേണ്ടി കരകൾ തോറും പിരിവുകൾ നടത്തുന്നതിനും ഓരോ കരയിൽ നിന്നുമുള്ള പിരിവ് പതിനഞ്ചാം തീയതികൾ തോറും പിരിച്ചേൽപ്പിക്കുന്നതിനും അതാതുകരകളിലെ പിരിവിലേക്ക് ഓരോ മാനേജർമാരെ നിയമിക്കുന്നതിനും തീരുമാനിച്ചു. യോഗത്തിന്റെ തീരുമാനമനുസരിച്ച് തോപ്പിൽ ഉന്റാമൻ ഉന്റ്യ അവർകളെ മുതൽപിടിയായും കളപ്പുരയ്ക്കൽ കൊച്ചിറ്റി കേള അവർകളെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
അന്നത്തെ സഭ നടത്തിപ്പിൽ തോപ്പിൽ ഉന്റാമൻ ഉന്റ്യ കളപ്പുരയ്ക്കൽ കൊച്ചിറ്റി ഗോവിന്ദൻ, കൂറ്റംകോടത്തു പുത്തൻവീട്ടിൽ ഇറ്റാക്ക ഇറ്റാക്ക, കളപ്പുരയ്ക്കൽ കൊച്ചിറ്റി കേള, ഒറവുംതുരുത്തി ഗോവിന്ദൻ രാമൻ, തോട്ടുപുറത്തു രാമൻ കണ്ടങ്കോരൻ, നെടിയറ അയ്യപ്പൻ അച്ചുതൻ എന്നീ മാന്യന്മാർ പ്രധാനികളായിരുന്നു.
കരകൾ തോറും പിരിവ് നടത്തുന്നതിൽ ഓരോ മാനേജർമാരും തന്റെ കരകളിൽ നിന്നു മുള്ള പിരിവ് മുതൽ കൂടുതലായി കാണിക്കുന്നതിന് മത്സരിച്ചിരുന്നു. സമുദായാംഗങ്ങളും അതുപോലെ പിരിവുകൊടുക്കുന്നതിലും ഉത്സാഹികളായിരുന്നു. ഏകദേശം എൺപതു രൂപാവരെ മാസംപ്രതി പിരിവുണ്ടായിട്ടുണ്ട്. ഇങ്ങനെ വന്നിരുന്ന പണം ആദായം വർദ്ധിപ്പിക്കുന്നതിന് പണയത്തിൻമേൽ പലിശക്ക് കൊടുത്തുവന്നിരുന്നു. ആയിരത്തി എൺപത്തിയൊന്ന് മേടം വരെ സഭ ഇങ്ങനെ നടന്നു. ആയിരത്തി എൺപത്തൊന്നു മേടമാസത്തിന് മുൻപായി സഭയുടെ പേരിൽ ഒരു സ്ഥലം (ക്ഷേത്രപറമ്പ്) തീറുവാങ്ങി. ഏതാനും പേർ പത്തുരൂപ വീതവും, പൊതുവിൽ നിന്ന് എൺപതുരൂപയും ഉൾപ്പെടെ ചേർത്താണ് സ്ഥലം തീറുവാങ്ങിയത്. സ്ഥലം തീറുവാങ്ങിയതോടുകൂടി സഭയുടെ പേര് "ധർമ്മപരിപാലനസഭ" എന്നാക്കി.
സ്ഥലം തീറുവാങ്ങി അധികം താമസിയാതെ തന്നെ സഭയുടെ ദേവസ്വം കൊട്ടാരം പണി ആരംഭിച്ചു. ഏകദേശം ആയിരത്തി എൺപത്തിനാലാമാണ്ടോടുകൂടി പണി പൂർത്തിയായി. ഇതിനിടയ്ക്കു തൃശ്ശൂക്കാരൻ എളയതു സന്യാസി എന്ന ഒരു മാന്യൻ സ്ഥലത്തു വന്നിരുന്നു. സമുദായ സ്ഥാപനങ്ങളുടെ അഭിവൃദ്ധിക്ക് ഈശ്വരഭജനത്തിനുള്ള സൗകര്യം കുറെക്കൂടി കൂടുതൽ ഉണ്ടായിരിക്കുന്നത് നന്നായിരിക്കുമെന്ന് ഭാരവാഹികളെ ഉദ്ബോധിപ്പിച്ചതിന്റെ ഫലമായി കൊട്ടാരത്തിൽ പടം വച്ച് പൂജ തുടങ്ങി. ശിവനെ സങ്കല്പിച്ചു നൃത്തം മുതലായവ നടത്തുകയും ചെയ്തുവന്നിരുന്നു. പൂജ തുടങ്ങുന്നതിന് മുമ്പായി ഷഷ്ഠിവ്രതം എടുത്തു എല്ലാ മാസങ്ങളിലും ആളുകൾ കൂടുക പതിവായിരുന്നു. ആ ഇനത്തിൽ ദേവസ്വത്തിലേക്ക് നല്ല വരുമാനമുണ്ടായിട്ടുണ്ട്. ചാലക്കുടിക്കാരൻ ഒരു പൂജാരിയായിരുന്നു ആദ്യത്തെ ശാന്തിക്കാരൻ. സഭയുടെ ആരംഭം മുതൽ സമുദായാംഗങ്ങൾ തമ്മിലുള്ള വഴക്കുകൾ പറഞ്ഞു തീർക്കുക, സാമുദായികമായ മറ്റു കാര്യങ്ങൾ ചെയ്യുക, മുതലായവ നടത്തിവന്നിരുന്നു.
ശ്രീകോവിൽ പണിയുന്നതിനു മുൻപായി അതിന്റെ സ്ഥാനത്ത് അടയ്ക്കാമരം കൊണ്ട് താല്ക്കാലിക ക്ഷേത്രമുണ്ടാക്കി ഉത്സവം നടത്തിവന്നതായി കാണുന്നു. അന്നും മൂന്നാനയ്ക്ക് ഉത്സവം ഉണ്ടായിരുന്നു. ചില കൊല്ലങ്ങളിൽ അഞ്ചാനയ്ക്കും ഉത്സവം ഉണ്ടായിട്ടുണ്ട്.
ആയിരത്തി എൺപത്തി ആറാമാണ്ട് കന്നി മാസം പതിമൂന്നാം തീയതി ക്ഷേത്രം പണിക്ക് കണക്കുണ്ടാക്കി ചക്കരക്കടവുകാരൻ ശങ്കുണ്ണി എന്ന ഒരാശാരിയാണ് അതിന്റെ സ്ഥാനക്കാരൻ. ആയിരത്തി എൺപത്തിയാറ് ധനുമാസത്തിൽ ശ്രീനാരായണ ഗുരുസ്വാമികൾ ചെറായിക്കു പോകുന്നവഴി ഇവിടം സന്ദർശിച്ചു. ഇവിടെ ക്ഷേത്രത്തിന് അനുയോജ്യമായ സ്ഥലമാണെന്നും ക്ഷേത്രവും അതിനോട് ചേർന്ന് വിദ്യാലയവും ഉണ്ടാകണമെന്ന് നിർദ്ദേശിച്ചു. ആലുവ അദ്വൈതാശ്രമം പണിക്കായി സഭയിൽ നിന്നും ഒരു നല്ല തുക അന്നു സംഭാവന ചെയ്തിട്ടുണ്ട്.
ആയിരത്തി എൺപത്തിയേഴാമാണ്ടിനിടക്ക് ശ്രീകോവിൽപണി ആരംഭിച്ചു. അതിനു കല്ലിട്ടത് രാമസ്വാമി എന്ന ഒരു സന്യാസിവര്യനാണ്. തോപ്പിൽ ഉന്റാമൻ ഉന്റ്യ അവർ കളുടെ വക ഒരു പവന്റെ ഒരു മോതിരവും, മറ്റു പ്രധാനികൾ ഒരു രൂപായിൽ കുറയാത്ത നാണയങ്ങളും ശിലാസ്ഥാപനത്തിന് നിക്ഷേപിച്ചിട്ടുണ്ട്.
ശ്രീകോവിൽ പണിക്കുശേഷം ആയിരത്തി തൊണ്ണൂറ്റി നാലാംമാണ്ട് വരെ സഭവക കാര്യങ്ങൾ വളരെ അഭിവൃദ്ധിയിൽ പുരോഗമിച്ചുകൊണ്ടിരുന്നു. ആയിടക്ക് സഹോദരസംഘം പ്രസ്ഥാനം നിമിത്തം അംഗങ്ങൾ തമ്മിൽ ഭിന്നിപ്പുണ്ടാവുകയും ആ ഭിന്നിപ്പ് കുറെക്കാലം നിൽക്കുകയും ചെയ്തു. ഇതിനെ അടിസ്ഥാനമാക്കി ഭാരവാഹികൾ തമ്മിൽ ക്രിമിനൽ കേസുകൾ ഉണ്ടാവു കയാൽ സഭവക കാര്യങ്ങൾക്കും ഉത്സവം മുതലായ ചടങ്ങുകൾക്കും സാരമായ ഇടിവു സംഭവിച്ചു. ഈ സംഭവങ്ങൾ സഭയുടെ വളർച്ചയെ കുറെ തടഞ്ഞുനിറുത്തി. ഭിന്നിച്ചു നിൽക്കുന്ന കക്ഷികളെ തമ്മിൽ യോജിപ്പിക്കുന്നതിനുവേണ്ടി പല കൂടിയാലോചനകളും നടന്നു. ശ്രീമാൻ വി.ആർ. മാമൻ ചോവൻ അവർകൾ ബി.എ., എൽ.എൽ.ബി. യെ കൊണ്ടുവന്നും ചില പ്രത്യേക യോഗങ്ങൾ കൂടിയിട്ടുണ്ട്. ഈവക യോഗങ്ങൾ കൊണ്ടും രാജിയാലോചനകൾകൊണ്ടും ശരിയായ ഫലമൊന്നും ഉണ്ടായില്ല. സഭയ്ക്ക് നേരിട്ടിരിക്കുന്ന വിപത്തിനെപ്പറ്റി സാമുദായിക പ്രമാണികളിൽ പലരും ആലോചിക്കുവാൻ തുടങ്ങി. ഇതിന്റെ ഫലമായി 1098-ൽ സമുദായംഗങ്ങൾ തമ്മിൽ സ്വയം യോജിക്കുകയും സഭയുടെ ഭാവിഭരണത്തെ സംബന്ധിച്ചു വ്യവസ്ഥാപിതമായ ഉടമ്പടി രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ഉടമ്പടിക്കുശേഷം സഭയുടെ ഭരണം ഒരു നിർവ്വാഹക സമിതിയാണ് നടത്തി വരുന്നത്. ഉടമ്പടിയിൽ വിവരിക്കുന്ന രീതിയിലുള്ള അംഗങ്ങളല്ലാത്തവരേയും പ്രസ്തുത സമിതിയിൽ നിർവ്വാഹകന്മാരായി മഹാസഭ തെരഞ്ഞെടുത്തിട്ടുണ്ട്. ഭരണ സൗകര്യത്തിനു വേണ്ടിയും; വേണ്ടത്ര അംഗങ്ങൾ ഉടമ്പടി വ്യവസ്ഥയനുസരിച്ച് അന്നു ചേർന്നിട്ടില്ലായിരുന്നതിനാലുമാണ് അങ്ങനെ ചെയ്യേണ്ടിവന്നിട്ടുള്ളത്. അംഗമായി ചേരുന്നതിന് ഇടക്കാലത്തുചിലർ ഈടാധാരങ്ങളും മറ്റും സഭയിലേക്കു എഴുതിക്കൊടുത്തിട്ടുണ്ടായിരുന്നു. എന്നാൽ കാലാവധിയായിട്ടും അവരിൽ മിക്കവാറും സംഖ്യ അടച്ചിട്ടില്ലായിരുന്നു. അതിനാൽ 1111 വ്യശ്ചികം പതിനഞ്ചാം തിയതി ശ്രീ. കെ.പി. ഇറ്റാക്ക അവർകളുടെ അദ്ധ്യക്ഷതയിൽ ഒരു മഹായോഗം കൂടുകയുണ്ടായി. അതിലെ തീരുമാനമനുസരിച്ച് സംഖ്യ അടച്ചു തീർക്കാത്ത വരുടെ പ്രമാണങ്ങൾ മടക്കിക്കൊടുക്കുന്നതിന് നിശ്ചയിച്ചു. 1111 കർക്കിടകം മുപ്പതാം തീയതിക്കകം അഞ്ചു രൂപ ഒന്നിച്ചടക്കുകയോ, ആറു കൊല്ലം കൊണ്ട് ആറു രൂപ അടച്ചു തീർക്കുകയോ ചെയ്യുന്നവർക്ക് മഹാസഭയുടെ അംഗത്വ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിനും വേണ്ട തീരുമാനങ്ങൾ ചെയ്യുകയുണ്ടായി.
ഈ തീരുമാനങ്ങൾ അനുസരിച്ച് സഭ 1115 വരെ പ്രവർത്തനങ്ങൾ തുടർന്നു. അംഗങ്ങളുടെ ശരിയായ വർദ്ധനക്കുറവു മൂലം 1115 ഇടവം ഇരുപതാം തീയതി ശ്രീ. പി.ഒ. കുഞ്ഞുപണിക്കർ അവർകളുടെ അദ്ധ്യക്ഷതയിൽ വീണ്ടും ഒരു മഹായോഗം കൂടുകയുണ്ടായി. പ്രസ്തുത യോഗത്തിൽ ഉടമ്പടിയിൽ പറയുന്നപ്രകാരമുള്ള ഒരംഗത്തിന്റെ യോഗ്യത അഞ്ചു രൂപായിൽ കുറയാതെയുള്ള തുകയായിരിക്കണമെന്ന് ക്ലിപ്ത്തപ്പെടുത്തി. ഇപ്പോഴത്തെ ഭരണസമിതിയിലുള്ള അംഗങ്ങളെല്ലാം അതനുസരിച്ചുള്ള മഹാസഭയുടെ അംഗങ്ങളാകുന്നു.
സാമുദായ കാര്യങ്ങളെപ്പറ്റി കേട്ടു തീരുമാനിക്കുന്നതിനും മറ്റുമായി 1109 മിനം മുതൽ ഡി.പി. സഭവക ഒരു പഞ്ചായത്ത് ഏർപ്പെടുത്തി നടത്തിവരുന്നു. സഭ വക ഭരണ സൗകാര്യത്തിന് വേണ്ടിതന്നെ ഒരു കൗൺസിൽ സിസ്റ്റം വേണമെന്നും 1109-ൽ തീരുമാനിച്ചു. അതനുസരിച്ച് അതിന്റെ പ്രാരംഭ നടപടികൾ എല്ലാം നടക്കുകയുണ്ടായി എങ്കിലും അത് ഊർജ്ജിതത്തിൽ വരാത്തതുകൊണ്ട് ആ സിസ്റ്റം നടപ്പിൽ വരുത്തേണ്ടത് ഏറ്റവും അത്യാവശ്യമാകുന്നു.
സഭവക കണക്കുകൾ അതാതു കൊല്ലത്തെ വാർഷിക യോഗത്തിൽ വച്ച് തിരഞ്ഞെടുക്കുന്ന ഒരു പരിശോധക കമ്മിറ്റിയാൽ ആഡിറ്റ് നിർവ്വഹിക്കപ്പെട്ടുപോരുന്നു. പ്രസ്തുത സഭവക ക്ഷേത്രത്തിലെ നിത്യപൂജ, തൈപ്പൂയമഹോത്സവം മുതലായ ചടങ്ങുകൾ ക്ഷേത്ര സംബന്ധമായ വരുമാനങ്ങൾ കൊണ്ടും പൊതുജനങ്ങളിൽ നിന്നുമുള്ള സംഭാവനകൾകൊണ്ടും വളരെ കൃത്യമായും ഭംഗിയായും നടന്നുവരുന്നു.
ഈ സഭയുടെ മാനേജ്മെന്റിൽ ഒരു സ്ക്കൂൾ നടത്തിവരുന്നുണ്ട്. അതിന്റെ സ്ഥാപകൻ കളപ്പുരയ്ക്കൽ കൊച്ചിറ്റി കേള എന്ന ഒരു മാന്യദേഹമാണ്. 1102 മുതൽ സഭ സ്ക്കൂളിന്റെ നടത്തിപ്പിൽ വളരെ ശ്രദ്ധേയമായ വിധത്തിൽ പ്രവർത്തിക്കുകയും ഇന്നു കാണുന്ന സ്ക്കൂൾ കെട്ടിടത്തിന്റെ പണി ആരംഭിക്കുകയും ചെയ്തു. അതിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചത് ശ്രീ. എ. ശങ്കരൻ വക്കീൽ അവർകളാണ്. 1107-ൽ സഭ, സ്ക്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുത്തു. എങ്കിലും 1110 മീനം (സ്ഥാപകന്റെ മരണം) വരെ ശ്രീ. കൊച്ചിറ്റി കേള അവർകൾ തന്നെ സഭയുടെ പ്രതിനിധി എന്ന നിലയിൽ സ്ക്കൂളിന്റെ മാനേജർ സ്ഥാനം വഹിച്ചുപോന്നു. 1110 മീനം മുതൽ 1111 തുലാമാസം വരെ കുളപ്പുരയ്ക്കൽ കേള ഗോവിന്ദൻ അവർകളും, 1111 തൂലാം മുതൽ 1113 ധനു വരെ പരേതനായ ഡോക്ട്ടർ എം. അച്ചുതൻ അവർകളും സ്കൂളിന്റെ മാനേജർ സ്ഥാനം വഹിച്ചു. 1113 മുതൽ 1118 വരെ സഭയുടെ പ്രതിനിധിയായി മാനേജർ സ്ഥാനം വഹിച്ചുപോന്നത് ടി സഭാദ്ധ്യക്ഷൻ ശ്രീമാൻ എ. ശങ്കരൻ വക്കീൽ അവർകളായിരുന്നു.
സഭയുടെ ആഭിമുഖ്യത്തിൽ ഒരു യു.പി. സ്ക്കൂളും ഒരു നേഴ്സറി സ്കൂളും ഇപ്പോൾ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. ഈ സഭയിൽ ഉൾപ്പെട്ടവർ കൂടാതെ മറ്റു താലൂക്കുകളിൽ പെട്ടവരും സ്ക്കൂൾ പണിവകയ്ക്കു സംഭാവനകൾ ചെയ്തിട്ടുണ്ട്. പത്തനംതിട്ട സ്വദേശിയായ ശ്രീമാൻ എം.കെ. കൃഷ്ണൻ അവർകൾ സഭക്കുവേണ്ടിയും സ്ക്കൂളിനു വേണ്ടിയും വളരെ പരിശ്രമിച്ചിട്ടുള്ള ഒരാളാകുന്നു.
പ്രോത്സാഹനാർഹരായ കുട്ടികളെ സഹായിക്കുന്നതിനും സഭ യഥോചിതം പ്രവർത്തിച്ചിട്ടുള്ളതായി കാണുന്നു. ഈ സഭയുടെ പരിധിയിൽപ്പെട്ട കുന്നത്തുനാട് താലൂക്കിലെ ഈഴവരിൽ ആദ്യം ബി.എ. യ്ക്കു പാസ്സായ സി. ഗോപാലൻ അവർകൾക്കും, എം.എ.ക്ക് ഒന്നാം ക്ലാസ്സിൽ വിജയം നേടിയ ശ്രീ. പി.എസ്. വേലായുധൻ അവർകൾക്കും, സ്ത്രീകളിൽ നിന്നും ആദ്യം ബി.എ. ഒന്നാം ക്ലാസ്സിൽ പാസ്സായ മിസ്സ് രാധ അവർകൾക്കും സഭയിൽ നിന്നും അനുമോദനങ്ങൾ നല്കുകയും; പ്രമേയങ്ങൾവഴി അവർക്ക് ഗവൺമെന്റ് സർവ്വീസുകളിൽ പ്രവേശനത്തിനുവേണ്ടി പ്രയത്നിക്കുകയും ചെയ്തിട്ടുണ്ട്. സമുദായ താല്പര്യങ്ങൾക്കു വേണ്ടിയും സഭ അപ്പോഴപ്പോൾ വേണ്ടതു ചെയ്തുവരുന്നു. റിട്ടയാർഡ് ജഡ്ജി മി. എൻ. കുമാരൻ ബി.എ., ബി. എൽ. അവർകളുടെ നിയമനക്കാര്യത്തിൽ ഈ സഭ അന്നു കഴിവനുസരിച്ച് പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും വിദ്യാസമ്പന്നരുടെയും പുരോഗതിക്കു വേണ്ടി ഈ സഭവേണ്ടവിധം പ്രവർത്തിച്ചുവരുന്നു.
ഇന്ന്
ചേരാനല്ലൂർ ധർമ്മ പരിപാലന സഭ ശ്രീശങ്കരനാരായണ ക്ഷേത്രം ട്രസ്റ്റ്
ആരംഭകാലം മുതൽ ഇന്നുവരെ ധർമ്മപരിപാലന സഭയുടെ പ്രവർത്തനങ്ങൾ ഗുരുദേവ ദർശനത്തെ അടിസ്ഥാനമാക്കി പ്രവർത്തിച്ചുവരുന്നു.
2011 ൽ ആധുനിക കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കനുസൃതമായി ക്ഷേത്രം പുതുക്കിപ്പണിയാൻ തീരുമാനമെടുക്കുകയും പണി തുടങ്ങുകയും ചെയ്തു. 2018 ഫെബ്രുവരി 25 (1193 കുംഭം 13) ഞായറാഴ്ച രാവിലെ 6.50നും 7.50നും മദ്ധ്യേയുള്ള കുംഭംരാശി മകീര്യം നക്ഷത്ര ത്തിലെ ശുഭമുഹൂർത്തത്തിൽ ക്ഷേത്രാചാര്യനും തന്ത്രിമുഖ്യനുമായ ബ്രഹ്മശ്രീ പറവൂർ രാഗേഷ് തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ പൂജനീയ ശിവഗിരി മഠാധിപതി ബ്രഹ്മശ്രീ വിശുദ്ധാനന്ദസ്വാമികൾ പുനഃപ്രതിഷ്ഠാകർമ്മം നിർവ്വഹിച്ചു.
മലയാള വർഷം 1098 ൽ (1922) ചേർന്ന് സഭയുടെ പൊതുയോഗം സഭയ്ക്കായി ഒരു നിയമാവലി തയ്യാറാക്കി, അതിന്റെ അടിസ്ഥാനത്തിൽ സഭയെ ഒരു മതധാർമ്മിക സംഘ മായി രജിസ്റ്റർ ചെയ്യുന്നതിന് നടപടികൾ സ്വീകരിച്ചതായി കാണുന്നു. ഈ രജിസ്ട്രേഷന്റെ നിയമപരമായ അംഗീകാരം നിലനിർത്തുന്നതിനാവശ്യമായ തുടർ നടപടികൾ ഉണ്ടാകാതിരുന്നതിനാൽ നിലവിൽ രജിസ്ട്രേഷൻ നിലനിൽക്കുന്നതായി കാണിക്കുന്ന യാതൊരുവിധ രേഖകളും ലഭ്യമല്ലാത്തതുമാണ്.
ഇന്ത്യാ ഗവൺമെന്റ് പൊതു ട്രസ്റ്റുകൾക്കും ക്ഷേത്ര ട്രസ്റ്റുകൾക്കും സി.എസ്.ആർ ഫണ്ടുകളും വിദേശ സംഭാവനകളും (എഫ്.സി.ആർ.എ.) സ്വീകരിക്കുന്ന നടപടികൾ, ഉദാര വൽക്കരിച്ചിട്ടുള്ള സാഹചര്യം കണക്കിലെടുത്ത് അത്തരം സാമ്പത്തിക സഹായങ്ങൾ നമ്മുടെ ക്ഷേത്രത്തിനുകൂടി ലഭിക്കുന്നതിനായി 12 A, 80 G, നീതി ആയോഗ് സി.എസ്.ആർ, എഫ്.സി.ആർ.എ., 12 AA തുടങ്ങിയ രജിസ്ട്രേഷനുകൾ ലഭ്യമാക്കുന്നതിന് സഭയെ ട്രസ്റ്റായി രജിസ്റ്റർ ചെയ്യേണ്ടത് അത്യാവശ്യമായിരിക്കുന്നു.
24.10.2023-ൽ കൂടിയ സഭയുടെ വാർഷിക പൊതുയോഗത്തിൽ ഒരു പുതിയ ഭരണ സമിതി അംഗങ്ങളായി പ്രസിഡന്റ് കെ. സദാനന്ദൻ കപ്രക്കാട്ട് ഇടവൂർ, വൈസ് പ്രസിഡന്റ് & സ്ക്കൂൾ മാനേജർ വി.എസ്. അജയകുമാർ വേലംകൂടി ചേരാനല്ലൂർ, സെക്രട്ടറി എ.എസ്. ബൈജു അമ്പലപ്പാടൻ ഒക്കൽ, ഖജാൻജി കെ.വി. രമേശൻ കൊടിയപ്പാട്ടുകൂടി ഇടവൂർ, കമ്മിറ്റിയംഗങ്ങളായി അഡ്വ. ആർ അജന്തകുമാർ ചാലക്കര വീട് വായ്ക്കര, കെ.ജെ. അജിത്ത് കളപ്പുരയ്ക്കൽ നീലീശ്വരം, എം.വി. ബാബു മട്ടത്താൻ ഒക്കൽ, എ.എ. അജിത് കുമാർ അമ്പലപ്പാടൻ ഒക്കൽ, കെ.കെ. പ്രദീപ്കുമാർ കിഴക്കാപ്രത്തുകൂടി മറ്റൂർ, സജിവൻ വി.വി. വലിയവീട്ടിൽ കൂടാലപ്പാട്, എ.വി. മനോജ് അയ്ക്കരക്കുടി തോട്ടുവ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ഈ പൊതുയോഗം ധർമ്മപരിപാലന സഭയെ ഒരുട്രസ്റ്റായി രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചു. ട്രസ്റ്റ് ബൈലോ രൂപീകരണത്തിനായി അഡ്വ. ആർ. അജന്തകുമാർ ചാലക്കര വീട് വായ്ക്കര ചെയർമാനും, എ.കെ. രാധാകൃഷ്ണൻ ആനാട്ടിൽ വീട് ഓണമ്പിള്ളി, കെ.വി. മനോജ് കുപ്രക്കാട്ട് വീട് ഓണമ്പിള്ളി. എൻ.കെ. ലെനിൻ നെല്ലിപ്പറമ്പിൽ കൂടാലപ്പാട്, ഉണ്ണികൃഷ്ണൻ പി.വി. പൊട്ടശ്ശേരി ചേരാനല്ലൂർ എന്നിവരെ അംഗങ്ങളായി ഒരു സബ് കമ്മിറ്റിയെ പൊതുയോഗം നിയോഗിച്ചു.
21.04.2024 തീയതിയിൽ നടന്ന വിശേഷാൽ പൊതുയോഗത്തിൽ പുതിയ ട്രസ്റ്റ് ഡീഡ് ബൈലോ കമ്മിറ്റി അവതരിപ്പിച്ച് പാസ്സാക്കുകയുണ്ടായി. ഈ ട്രസ്റ്റ് ഡീഡ് 20.5.2024- തീയതി പെരുമ്പാവൂർ സബ് രജിസ്ട്രാർ ഓഫീസിൽ 24/IV/2024 നമ്പറായി ചേരാനല്ലൂർ ധർമ്മ പരിപാലന സഭയെ, "ചേരാനല്ലൂർ ധർമ്മപരിപാലന സഭ ശ്രീ ശങ്കരനാരായണ ക്ഷേത്രം ട്രസ്റ്റ്" ആയി രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചുവരുന്നു.
കൂവപ്പടി വില്ലേജിലെ ബ്ലോക്ക് 7-ൽ റീസർവ്വേ നമ്പർ 216/3, 216/4, 217/10. 217/11, 217/5, 217/7, 217/8, 217/9 നമ്പറുകളിലായി കൂവപ്പടി വില്ലേജിലെ 1244-ആം നമ്പർ തണ്ട പ്പേര് പ്രകാരം 2.19 ഹെക്ടർ (5.41 ഏക്കർ) സ്ഥലവും ആയതിൽ ഒക്കൽ ഗ്രാമപഞ്ചായ ത്തിലെ 5/235-236 നമ്പറുകളിലായിട്ടുള്ള ക്ഷേത്ര-സ്കൂൾ-അനുബന്ധ കെട്ടിടങ്ങളും ട്രസ്റ്റിന്റെ ഉടമസ്ഥതയിലും കൈവശ-അവകാശത്തിലും ഉള്ളതാണ്.
വർണ്ണശബളമായ തൈപ്പൂയകാവടിയാട്ടങ്ങളും ഭക്തിനിർഭരമായ രഥോത്സവവും. രാജാലങ്കാര വിരാടദർശനവും തൈപ്പൂയമഹോത്സവത്തിന്റെ ഭാഗമായി നടന്നുവരുന്നു. അതോടൊപ്പം എല്ലാ ചൊവ്വാഴ്ചകളിലും മംഗളദീപസമർപ്പണ കാര്യസിദ്ധി പ്രാർത്ഥനയും നടന്നുവരുന്നു. അങ്ങനെ ഭക്തരുടെ അഭീഷ്ടങ്ങളെ പ്രദാനം ചെയ്ത് ശ്രീ ശങ്കരനാരായണ ക്ഷേത്രം ഇന്ന് "ദക്ഷിണപളനി" എന്ന് പ്രസിദ്ധമായി തീർന്നിരിക്കുന്നു. ക്ഷേത്രത്തിന്റെയും വിദ്യാലയത്തിന്റെയും ആരംഭകാലം മുതൽ ഇന്നുവരെ ഉണ്ടായിട്ടുള്ള എല്ലാ അഭിവൃദ്ധിക്കും അക്ഷീണം പ്രവർത്തിച്ച ജീവിച്ചിരിക്കുന്നവരും മൺമറഞ്ഞുപോയവരുമായ എല്ലാവരേയും സ്നേഹാദരപൂർവ്വം സ്മരിക്കുന്നു.