About Us

ആധുനിക സഹസ്രാബ്ദത്തിന്റെ ഋഷി വര്യൻ ശ്രീനാരായണ ഗുരുദേവന്റെ തിരു വാങ്മൊഴികളാൽ കൊല്ലവർഷം 1075 ആം ആണ്ടിൽ സംസ്ഥാപിതമായ ശ്രീശങ്കരനാരായണ ക്ഷേത്രം, എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ ശ്രീശങ്കരാചാര്യ സ്വാമികളുടെ ജന്മം കൊണ്ട് പരിപാവനമായ കാലടിക്കടുത്ത് പെരിയാറിന്റെ ദക്ഷിണ തീരത്ത് സ്ഥിതിചെയ്യുന്ന പുണ്യസങ്കേതമാണ് , ശ്രീ ജ്ഞാനദണ്ഡായുധപാണി ആണ്ടിക് കോലത്തിൽ വാഴുന്ന ദക്ഷിണ പഴനി എന്ന് പ്രസിദ്ധമായ ഈ ക്ഷേത്രം ഇവിടുത്തെ പ്രത്യേകത, ക്ഷേത്രനാമം ശ്രീശങ്കരനാരായണ ക്ഷേത്രം എന്നാണെങ്കിലും പ്രധാന ദേവത ശ്രീ മുരുകനാണെന്നതാണ്.

സ്വതന്ത്ര ശ്രീകോവിലുകളിൽ പരസ്പരാഭിമുഖമായി കുടികൊള്ളുന്ന പാർവ്വതീസമേതനായ പരമേശ്വരൻ ഉമാമഹേശ്വര ഭാവത്തിൽ ദിവ്യ ലിംഗത്തിലും പൂർവാഭിമുഖമായി പിതൃദായകനായ മഹാവിഷ്ണുവും കുടികൊള്ളുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ്. മംഗല്യകാര്യ തടസ്സങ്ങളൊഴിയാൻ തിങ്കളാഴ്ച നൊയമ്പ് അനുഷ്ഠിച്ച് ഉമാമഹേശ്വര പൂജയും വെളുത്ത പുഷ്പം കൊണ്ടുള്ള സ്വയംവരാർച്ചനയും ഇവിടുത്തെ പ്രധാന വഴിപാടാണ്.

പൂർവാഭിമുഖമായ വിഷ്ണു, ചതുർബാഹു രൂപത്തിൽ പിതൃദാ യകനായി കുടികൊള്ളുന്ന പിതൃക്കളുടെ സദ്ഗതിക്ക് വേണ്ടി വിഷ്ണു ദ്വാദശനാമ പൂജയും നമസ്കാരവും ഇവിടെ ഏറെ വിശിഷ്ടമാണ്.

ആയിരത്തിൽപരം വർഷങ്ങളോളം പഴനിയിൽ ഭോഗർ സ്വാമിയുടെ ഗുഹാശ്രമത്തിൽ ശ്രീമുരുക സങ്കല്പത്തിൽ വച്ച് ആരാധിച്ച സാളഗ്രാമ ശിലാ ചൈതന്യവും ഇവിടുത്തെ ഗർഭഗൃഹത്തിൽ ശ്രീമുരുകനോടൊപ്പം ആരാധിച്ചുപോരുന്നു.

കേരളത്തിലെ ഏറ്റവും കൂടുതൽ ദേശക്കാവടികൾ വന്നുചേരുന്ന ചരിത്രപ്രസിദ്ധമായ തൈപ്പൂയ കാവടിയാട്ട സംഗമ സന്നിധാനം കൂടിയാണ് ഈ മുരുക സന്നിധി.

എല്ലാ ചൊവ്വാഴ്ചകളിലും സായംസന്ധ്യയ്ക്ക് നടക്കുന്ന ഏറെ വൈശിഷ്ട്യമുള്ള ചടങ്ങാണ് മംഗളദീപ സമർപ്പണ കാര്യസിദ്ധി പ്രാർത്ഥന. ശ്രീമുരുകന്റെ ദ്വിതൃംശത്മന്ത്രങ്ങളാൽ മുഖരിതമാകുന്ന ഭക്തജനപ്രാർത്ഥന, പ്രാർത്ഥനയുടെ പ്രാണനെ തൊട്ടറിഞ്ഞ് ഭക്തർക്ക് ഭക്തിയുടെ ആനന്ദാനുഭൂതി അനുഭവിച്ചറിയുന്ന അസുലഭ നിമിഷങ്ങളാണ് മംഗളദീപ പ്രാർത്ഥനയിലൂടെ അനുഭവിക്കുന്നത്. അഭീഷ്ട കാര്യസിദ്ധിയുടെ നൂറുകണക്കിന് അനുഭവങ്ങളാണ് ഭക്തർ ശ്രീമുരുകന്റെ നടയിൽ പങ്കുവയ്ക്കുന്നത്. പ്രാർത്ഥന എഴുതി സമർപ്പിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രം.
ഭക്തന്റെ ഉദ്ദിഷ്ടകാര്യ നിവൃത്തിക്ക് ഭക്തർ എഴുതി ശ്രീകോവിലിന്റെ മുന്നിലുള്ള ഭണ്ഡാരത്തിൽ സമർപ്പിക്കുന്നു. മംഗള ദീപ സമർപ്പണ പ്രാർത്ഥനയിൽ എഴുതി സമർപ്പിച്ച ഭക്തന്റെ കാര്യ നിവൃത്തിക്ക് വേണ്ടി സമൂഹമായി പ്രാർത്ഥന അർപ്പിക്കുന്നു. ഭഗവത്
അനുഗ്രഹത്താൽ അത്ഭുതമായ അനുഭവമാണ് ഭക്തർക്ക് ഇതിലൂടെ ലഭിക്കുന്നത്.

ശുക്ല ഷഷ്ഠി വ്രതാചരണം

ശ്രീ മുരുകൻ സർപ്പരൂപം പൂണ്ട് തിരോധാനം ചെയ്തപ്പോൾ, പുത്രനെ സ്വന്തം രൂപത്തിൽ ലഭിക്കാൻ വേണ്ടി പാർവതി ദേവി അനുഷ്ഠിച്ച വ്രതം ആണ് ഷഷ്ഠിവ്രതം എന്ന് പുരാണങ്ങളിൽ പറയുന്നു .
ഭർതൃ സന്താനാദികളുടെ സർവ്വ ദുരിത ദോഷ ശാന്തിക്ക് വേണ്ടിയും സത് സന്താനലബ്ധിക്കും സന്താനങ്ങളുടെ ഉന്നമനത്തിനു വേണ്ടിയും പ്രത്യേകിച്ച് കുടുംബിനികൾ അനുഷ്ഠിക്കുന്ന വ്രതമാണ് ഷഷ്ഠിവ്രതം. ഷഷ്ഠി വ്രതം നോറ്റ് അഭിഷേകപ്രിയനായ മുരുകന് പഞ്ചാമൃതം, പാൽ തേൻ, നെയ്യ്, കരിക്ക്, പനിനീര്, കളഭം , ഭസ്മം, മഞ്ഞൾ, തൈര് എന്നിവ അഭിഷേകം ചെയ്യുന്നത് ഏറെ അനുഗ്രഹദായകമാണ്.

തൈപ്പൂയ മഹോത്സവത്തിലെ രാജാലങ്കാര വിരാടദർശന രഥോത്സവത്തിൽ ഭക്തജന സഹസ്രങ്ങൾക്ക് ഭഗവാൻ രാജകീയ ഭാവത്തിൽ രഥത്തിൽ എഴുന്നള്ളി ദർശനം നൽകുന്നു. ഈ ദർശനപുണ്യ ഫലം ദാരിദ്ര്യം അകറ്റി സമ്പത് സമൃദ്ധിയും വ്യാപാര വ്യവസായ അഭിവൃദ്ധിയും പ്രദാനം ചെയ്യുന്നതാണ്.

ക്ഷേത്രത്തിലെ മറ്റ് ഉപദേവത സാന്നിധ്യങ്ങളാണ് മഹാഗണപതിയും പ്രഭാ സത്യകസമേതനായ ശ്രീധർമ്മശാസ്താവും. നാഗക്കാവിൽ കുടികൊള്ളുന്ന നാഗരാജാവ് ,നാഗയക്ഷി, ബ്രഹ്മരക്ഷസ് എന്നിവയും ഇവിടത്തെ ഉപദേവത സാന്നിധ്യങ്ങളാണ്.

നാഗക്കാവിൽ ആയില്യം തോറും നടക്കുന്ന തളിച്ചു കുട,നൂറും പാലും, മഞ്ഞളാട്ടം, പാൽപ്പായസ നിവേദ്യം, രക്ഷസിന് പാൽപ്പായസം എന്നിവ ഏറെ വിശേഷമാണ്. ശിവരാത്രിയിലും കർക്കിടകവാവ് ദിനത്തിലും ആയിരക്കണക്കിന് ഭക്തർ പിതൃപുണ്യം തേടി ബലിതർപ്പണവും നമസ്കാരാദി തിലഹവനവും നടത്തി പിതൃ മോക്ഷത്തിനായി പ്രാർത്ഥന അർപ്പിക്കുന്നു.

വർഷംതോറും രാമായണമാസാചരണവും മണ്ഡലവ്രതാചരണവും നവരാത്രി വ്രതാചരണവും ഭക്തജനങ്ങളുടെ ആത്മ നവീകരണത്തിനായി ആചരിച്ചു പോരുന്നു.

എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ ഒക്കൽ പഞ്ചായത്തിൽ കാലടി ടൗണിൽ നിന്ന് മൂന്നു കിലോമീറ്റർ മാറി ചേരാനല്ലൂർ ഇടവൂരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഈ ക്ഷേത്രത്തിന്റെ ഭരണനിർവഹണം നടത്തുന്നത് ചേരാനല്ലൂർ ധർമ്മപരിപാലന സഭ ശ്രിശങ്കരനാരായണ ക്ഷേത്രം ട്രസ്റ്റ് ആണ്.